ചെമ്പേരി: കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി, മുക്തിശ്രീ എന്നീ സംഘടനകളുടെ ചെമ്പേരി മേഖലാ സംയുക്ത സമ്മേളനം ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. അടുത്ത കാലത്തായി പെൺകുട്ടികളും കൂടുതലായി ലഹരിക്കടിമപ്പെടുകയും ലഹരി വസ്തുക്കളുടെ കൈമാറ്റക്കാരായിത്തീരുകയും ചെയ്യുന്ന നിർഭാഗ്യകരമായ അവസ്ഥ നമ്മെ ഞെട്ടിക്കുന്നതാണെന്നും അതിനാൽ ഇതിനെതിരേ പ്രവർത്തിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യ-ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നുതന്ന ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി, ഫാ. തോമസ് തൈത്തോട്ടം എന്നിവരുടെ സേവനങ്ങൾ സമ്മേളനത്തിൽ അനുസ്മരിച്ചു. ഈ കാലഘട്ടത്തിൽ അമ്മമാർ കൂടുതലായി മദ്യം ഉപയോഗിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടെന്നും അത് മക്കളെ തെറ്റായ ജീവിതാവസ്ഥയിലേക്ക് നയിക്കുമെന്നും സംഘടനയുടെ മേഖലാ ഡയറക്ടർ ഫാ. പോൾ വള്ളോപ്പള്ളിൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതി നമ്മുടെ മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാണെന്ന് സമ്മേളനം വിലയിരുത്തി. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുവാൻ ഉതകുന്ന ഭാവിപ്രവർത്തനങ്ങളും തീരുമാനിച്ചു.
ചെമ്പേരി ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആനിമേറ്റർ സിസ്റ്റർ ലിജി ഡിഎസ്ടി, മേഖലാ പ്രസിഡന്റ് ജോസ് ചിറ്റേട്ട്, പൗളിൻ തോമസ് കാവനാടിയിൽ, ജോർജ് പിണക്കാട്ട്, ഷെൽസി കാവനാടിയിൽ, വത്സമ്മ വീട്ടുവേലിക്കുന്നേൽ, സെബാസ്റ്റ്യൻ പെരുമ്പുഴയിൽ, മിനി നമ്പ്യാപറമ്പിൽ, സ്കറിയ കളപ്പുരയ്ക്കൽ, ബാബുക്കുട്ടി കടുകൻമാക്കൽ, ഡെയ്സി പെരുമ്പള്ളിൽ, തോമസ് മുതുകുളത്തിൽ, സോജി പൗവത്തുപറമ്പിൽ, തോമസ് അനന്തക്കാട്ട്, മേരി കിടാരത്തിൽ എന്നിവർ പ്രസംഗിച്ചു. സാലി മുണ്ടാംപള്ളിൽ, തോമസ് പഴയതോട്ടം, മോളി താഴത്തുവീട്ടിൽ, ബെറ്റി മുക്കുഴിയിൽ, മോളി നെടുംപുറത്ത്, റോസിലി പടിഞ്ഞാറെവീട്ടിൽ, സോഫി മുതുകുളത്തിൽ, റിനി കുഴിവേലിൽ, മിനി തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.